Tuesday 25 February 2014

ഉപ്പ് രസം


ഇന്നലെ തീരത്തണഞ്ഞ കാറ്റിന്
ഉപ്പുരസമായിരുന്നു,
അകലെയെങ്ങോ തീറ്റകിട്ടാതെ
പൊട്ടിക്കരഞ്ഞ കടല്‍ കാക്കയുടെ
കണ്ണുനീരിന്റെ ഉപ്പായിരുന്നു അത്

കടലിലെ വെള്ളത്തിന് അതിലേറെ ഉപ്പായിരുന്നു
കടല്‍ക്കാക്കയില്‍ നിന്നും ജീവന്‍
രക്ഷിക്കാന്‍ ഓടുന്നതിനിടയില്‍
നിലവിളിച്ചു കരഞ്ഞ മീന്‍കുഞ്ഞുങ്ങളുടെ
കണ്ണുനീരിന്റെ ഉപ്പായിരുന്നു അത്.

Thursday 9 January 2014

സോണിയാജി ദൈവം (ഒരുമാതിരി ചെയ്ത്തായി പോയി)

ദൈവമേ!!!!!!!!!! ഇതൊക്കെ കാണുമ്പോള്‍ ആരും അങ്ങനെ വിളിച്ചു പോകും. മുപ്പത്ത് മുക്കോടി ദൈവങ്ങള്‍ ഉണ്ട് എന്ന് വിശ്വസിക്കുന്ന ജനതയും ഏക ദൈവ വിശ്വാസികളും ജീവിക്കുന്ന ഇവിടത്തേക്കാണ് ഇറ്റലീന്നുള്ള ഒരു മദാമ്മ ദൈവം വന്നിരിക്കുന്നത്. യു.പി.എ ഭരണത്തിലേറുമ്പോള്‍ 281 രൂപയുണ്ടായിരുന്ന എല്‍.പി.ജിക്ക് ഇപ്പോള്‍ വില 1241 രൂപ വിലക്കയറ്റം അതിന്റെ മൂര്‍ദ്ധന്യത്തില്‍ അഴിമതിയാണെങ്കില്‍ ഇഷ്ടം പോലെ അതും ജനങ്ങളുടെ കണ്ണുതള്ളിക്കുന്നത്ര. ഈ ചെയ്‌ത്തൊക്കെ ചെയ്തിട്ടും സോണിയാജിയെ ദൈവമാക്കാന്‍ തോന്നിയ വികാരത്തെ ഞാന്‍ കുമ്പിടുന്നു.

പിന്നെ വിവരമില്ലായ്മ ഒരു കുറവല്ലല്ലോ. അല്ല ഒരു പ്രമുഖ കോണ്‍ഗ്രസ് നേതാവ് തന്നെയാണ് സോണിയക്ക് ദൈവീക പരിവേഷം നല്‍കിയ ഭക്തന്‍. ഭരണത്തിലിരിക്കുന്ന കാലത്ത് കയ്യിട്ടുവാരാന്‍ ധാരാളം അവസരങ്ങള്‍ നല്‍കിയതിന്റെ സ്മരണക്കാണോ ആവോ സോണിയയെ ദൈവമാക്കിയത്.

ചരിത്രപരമായ വിഡ്ഢിത്തം എന്നാണോ ഇതിനെ വിശേഷിപ്പിക്കേണ്ട്ത് അതോ ഉദ്ദിഷ്ട കാര്യത്തിന് ഉപകാര സമരണ എന്നോ. കാലം പോയൊരു പോക്കെ. ഒരേ ഒരു തവണ കൂടി ഈ ചേച്ചിക്ക് ഭരണം കൊടുത്താല്‍ ചിലപ്പോള്‍ ഇന്ത്യയെ തൂക്കിവിറ്റ് അതിന്റെ കാശും വാങ്ങി അമൂല്‍ ബേബിയുടെ കയ്യും പിടിച്ച് ഇറ്റലിക്ക് വണ്ടി കേറി പോകുന്ന് സൈസാണ് എന്നിട്ടും ദൈവമാക്കാന്‍ തോന്നി , ആ ചേതോ വികാരം അപാരം തന്നെ അണ്ണാ..........

Sunday 5 January 2014

കള്ളപ്പണത്തിന്റെ ലോകം; ഇന്ത്യക്കാരുടേതു മാത്രം 350 കോടി കോടി രൂപ

ലോകത്തെങ്ങുമുള്ള നിയപ്രകാരമല്ലാതെ നിക്ഷേപിച്ചിരിക്കുന്ന തുകയുടെ തോത് സാധരണക്കാരന്റെ കണ്ണു തള്ളിക്കാന്‍ പോന്നത്ര ഉയര്‍ന്ന തുകയാണ്. ലോകമെമ്പാടുമായി കള്ളപ്പണമായി ഒഴുകിനടക്കുന്നതെന്ന് പുതിയ അന്തര്‍ദേശീയ പഠനങ്ങള്‍ തെളിയിക്കുന്നു. ലോക രാജ്യങ്ങളുടെ കണക്കില്‍ ഇത്തരത്തില്‍ നിയമപ്രകാരമല്ലാതെ നിക്ഷേപിച്ച കള്ളപ്പണം വിദേശ രാജ്യങ്ങലില്‍ നിക്ഷേപിച്ചിരിക്കുന്ന രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനമാണ് ഇന്ത്യക്കുള്ളത്. ഒന്നാമതായി ഉള്ളത് വികസിത രാജ്യങ്ങളില്‍ മുമ്പനായ ചൈനയാണ് (10,755,700,0000രൂപ) ഏറ്റവും കുറവാകട്ടെ പട്ടിണിക്കാരായ ജനങ്ങള്‍ ധാരാളമായുള്ള സെനഗലും(10,00,000രൂപ). 2002 മുതല്‍ 2011 വരെയുള്ള ഒമ്പത് വര്‍ഷത്തിനിടക്ക് 343,93,20,00,000 കോടി രൂപയാണ് വിദേശരാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിച്ചിരിക്കുന്ന തുക. 2010-2011 സാമ്പത്തിക വര്‍ഷത്തിലെ ബഡ്ജറ്റ് അനുസരിച്ച് 7,46,651 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാരിന്റെ മൊത്തം നികുതി വരുമാനം. ശരാശരി കണക്കില്‍ പറയുകയാണെങ്കില്‍ ഇത്രയും കാലത്തെ ഇന്ത്യയുടെ മൊത്ത നികുതി വരുമാനത്തേക്കാള്‍ കൂടുതല്‍ വരുമത്. വികസ്വര രാജ്യങ്ങളുടെ ഗണത്തില്‍ പെടുന്ന ഇന്ത്യയുടെ വികസന മോഹങ്ങളെ പിന്നോട്ടടിച്ചുകൊണ്ടാണ് വിദേശരാജ്യങ്ങളില്‍ ഇന്ത്യക്കാര്‍ നിക്ഷേപിക്കുന്ന കള്ളപ്പണത്തിന്റെ തോത് ഉയരുന്നത്. ജനനായകരും ബിസിനസ്സുകാരും അനധികൃത സമ്പാദ്യം സൂക്ഷിച്ചുവെയ്ക്കുന്നത് സ്വിറ്റ്‌സര്‍ലന്റു പോലുള്ള വിദേശ രാജ്യങ്ങളിലെ ബാങ്കുകളിലാണ്.  രഹസ്യമായ പേരുകളിലും വെറും നമ്പര്‍ മാത്രമുള്ള അക്കൗണ്ടുകളിലും സ്വകാര്യമായി സൂക്ഷിക്കുന്ന പണത്തിന്റെ കണക്കൊന്നും ഇന്ത്യാ ഗവണ്‍മെന്റിനെ അറിയിക്കാന്‍ ആ രാജ്യങ്ങള്‍ ബാധ്യസ്ഥരല്ല. ആരുടെ പേരിലുള്ള അക്കൗണ്ടാണെന്നോ എത്ര തുകയുണ്ടെന്നോ ഇന്ത്യാ ഗവണ്‍മെന്റിന് ഔദ്യോഗികമായി അറിയില്ല. ഇന്ത്യയിലെ ബാങ്കുകളില്‍ സാധാരണക്കാരായജനങ്ങള്‍ പതിനായിരമോ ഇരുപതിനായിരമോ രൂപ നിക്ഷേപിച്ചാല്‍, അഥവാ ബാങ്കില്‍നിന്ന് അത്രയും തുക പിന്‍വലിച്ചാല്‍, ഉടനെ ആദായനികുതി വകുപ്പിന് വിവരം ലഭിക്കും. അവര്‍ക്ക് വേണമെങ്കില്‍ പണത്തിന്റെ സ്രോതസ്സിനെക്കുറിച്ച്, അഥവാ അത് ചെലവാക്കിയ രീതിയെക്കുറിച്ച് അന്വേഷണം നടത്താം. അക്കൗണ്ട് ഉടമയുടെ ആദായനികുതിയുടെ കണക്കില്‍ അത് ഉള്‍പ്പെട്ടിട്ടില്ലെങ്കില്‍, തുടര്‍ നടപടികള്‍ കൈക്കൊള്ളാം. എന്നാല്‍ പുറം രാജ്യങ്ങളിലെ ബാങ്കില്‍ കൊണ്ടുപോയി നിക്ഷേപിക്കുന്ന പണത്തിന് ഈ വക നിയമങ്ങളൊന്നും ബാധകമല്ല.
'സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പോളിസി' എന്ന വേദിയുടെ 'ഗ്‌ളോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റി'' എന്ന പഠനത്തിന്റെ കണക്കനുസരിച്ച് വികസ്വര രാഷ്ട്രങ്ങളില്‍നിന്ന് 85,860 കോടി ഡോളറിനും 1.06 ലക്ഷം കോടി ഡോളറിനും ഇടയില്‍ വരുന്ന സംഖ്യ 2006ല്‍ മാത്രം വിദേശ രാജ്യങ്ങളിലെ ബാങ്കുകളില്‍ നിയമവിരുദ്ധമായി നിക്ഷേപിച്ചിട്ടുണ്ട്. ഈ വികസ്വര രാജ്യങ്ങളില്‍ അഞ്ചാം സ്ഥാനമാണ് ഇന്ത്യയ്ക്കുള്ളത്. 2200 കോടി ഡോളറിനും 2700 കോടി ഡോളറിനും ഇടയില്‍ വരുന്ന ഒരു തുക, ഇന്ത്യയില്‍നിന്ന് 2002 നും 2006 നും ഇടയില്‍ ഓരോ കൊല്ലവും വിദേശ രാജ്യങ്ങളിലേക്ക് ഒഴുകി പോയിട്ടുണ്ടെന്നാണ് കണക്ക്. (റഷ്യ, മെക്‌സിക്കോ, മലേഷ്യ, ചൈന എന്നിവയാണ് ഇക്കാര്യത്തില്‍ ഇന്ത്യയ്ക്ക് മുന്നിലുള്ള രാജ്യങ്ങള്‍). 2010 ല്‍ 68383000000 കോടി കോടി രൂപയാണ് പുറത്തേക്കൊഴുകിയത് അതേ സമയം 2011ല്‍ 84933000000 കോടി കോടി രൂപയാണ് അതായത് എണ്‍പത് ശതമാനത്തിലേറെ വര്‍ദ്ധനവ്. എത്ര കുറച്ചു കണക്കാക്കിയാലും ഇന്ത്യയില്‍നിന്ന് കൊല്ലംതോറും 1,10,000 കോടി രൂപയുടെ കള്ളപ്പണം നികുതിവെട്ടിച്ച്, വിദേശത്തേക്കൊഴുകുന്നുവെന്നര്‍ത്ഥം . ഇതിന്റെ നാലിലൊന്ന് തുക, ഇവരില്‍നിന്ന് ആദായനികുതിയിനത്തില്‍ പിടിച്ചെടുത്താല്‍ത്തന്നെ, ഇന്ത്യാഗവണ്‍മെന്റ് നടത്തിവരുന്ന പല ജനക്ഷേമ പരിപാടികളും ഫലപ്രദമായി നടപ്പിലാക്കാന്‍ സാധിക്കും. ആ തുക മുഴുവന്‍ പിടിച്ചെടുത്താലോ, ഇന്ത്യയുടെ മൊത്തം ആഭ്യന്തര ഉല്‍പാദനം മൂന്നരശതമാനം കണ്ട് ഉയര്‍ത്താന്‍ കഴിയും. അങ്ങനെ നമ്മുടെ വളര്‍ച്ചാനിരക്ക് കുറഞ്ഞുവരുന്നത് തടഞ്ഞുനിര്‍ത്താന്‍ കഴിയും.
സര്‍ക്കാരിന് നല്‍കുന്ന കണക്കുകളില്‍ ഉള്‍പ്പെടുത്താത്ത നികുതി വെട്ടിച്ച പണമാണ് കള്ളപ്പണമെന്ന് അറിയപ്പെടുന്നത്. ഇന്ത്യക്കകത്തു കറങ്ങിനടക്കുന്ന ഭീമമായ കള്ളപ്പണത്തിന്റെ ഒരു ഭാഗം മാത്രമാണ് ഇങ്ങനെ വിദേശത്തേക്കൊഴുകുന്നതും.
ഇങ്ങനെ ഇന്ത്യയില്‍നിന്ന് വിദേശരാജ്യങ്ങളിലെ നിക്ഷേപ സൗകര്യങ്ങളിലേക്ക് അനധികൃതമായി ഒഴുകുന്നത് രാജ്യത്തിന്റെ തന്നെ സമ്പത്താണ്.
വിദേശരാജ്യങ്ങളിലെ ബാങ്കുകളിലും അവിടുത്തെ ബിസിനസ്സുകളിലും കൊണ്ടുപോയി നിക്ഷേപിക്കുന്ന പണത്തിന് ആദായനികുതി ഒടുക്കുന്നില്ല എന്നതാണ് പ്രധാനപ്പെട്ട കാര്യം. ഇങ്ങനെ ആദായനികുതി വെട്ടിപ്പ് നടത്തുന്ന നിക്ഷേപകന്‍ രാജ്യത്ത് നിലവിലുള്ള വിദേശനാണയ വിനിമയ നിയമവും മറ്റ് ബന്ധപ്പെട്ട നിയമങ്ങളും ലംഘിക്കുകയും ചെയ്യുന്നു. അതുകൊണ്ട് തന്നെ അത് നിയമവിരുദ്ധമായ ഒന്നാണ്. ഇങ്ങനെ കൊള്ളയടിച്ച് സൂക്ഷിക്കുന്ന പണം ചെറിയ തുകയല്ല. സാമ്പത്തിക ഞെരുക്കം അനുഭവപ്പെടുന്ന നമ്മുടെ രാജ്യത്ത് ക്ഷേമപ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗപ്പെടുമായിരുന്ന സമ്പത്താണ് ഇങ്ങനെ വിദേശബാങ്കുകളില്‍ കുന്നുക്കൂടിക്കിടക്കുന്നത് എന്നതാണ് സത്യം. സ്വിസ്സ് ബാങ്കുകളില്‍ ഇത് വെറുതെ കെട്ടിക്കിടക്കുമ്പോള്‍,ഇന്ത്യയിലെ ജനങ്ങള്‍ പട്ടിണിയും വിലക്കയറ്റവും കൊണ്ട് പൊറുതിമുട്ടുന്നു. ഇന്ത്യന്‍ ഗവണ്‍മെന്റാകട്ടെ വിദേശകടഭാരവും പേറി ആഭ്യന്തരകാര്യങ്ങള്‍ പോലും ഭംഗിയായി നടപ്പിലാക്കാന്‍ പണമില്ലാതെ കഷ്ടപ്പെടുന്നു.
അനധികൃതമായി ഇങ്ങനെ ഒഴുകിപോയ പണത്തിന്റെ വ്യാപ്തി, വെട്ടിച്ചുരുക്കിയ നികുതിയുടെ അളവ്, നികുതിദായകരും നികുതിവകുപ്പും തമ്മിലുള്ള തര്‍ക്കത്തിന്റെ ഫലമായി നിയമക്കുരുക്കില്‍ കുടുങ്ങിക്കിടക്കുന്ന നികുതിത്തുക ഇതൊക്കെ അമ്പരപ്പിക്കുംവിധം വലുതാണ്. ഇങ്ങനെയുള്ള ആനുകൂല്യങ്ങളും പഴുതുകളും കാരണം ചോര്‍ന്നുപോകുന്ന നികുതിപ്പണം ലക്ഷക്കണക്കിന് കോടി രൂപ വരും. അതൊക്കെ ഫലപ്രദമായി സംഭരിച്ചാല്‍, ജനക്ഷേമ പരിപാടികള്‍ക്ക്, ഫണ്ട് ഇല്ല എന്ന ഗവണ്‍മെന്റിന്റെ ഒഴിവുകഴിവുകള്‍ക്ക് പോംവഴിയാകും.
ഇറക്കുമതി ചെയ്യപ്പെടുന്ന ചരക്കുകള്‍ക്ക് വില കൂട്ടിയിടുകയും കയറ്റുമതി ചരക്കുകള്‍ക്ക് വില കുറച്ചിടുകയും ചെയ്തുകൊണ്ട് നികുതി വെട്ടിപ്പ് നടത്തുകയും അങ്ങനെ ലഭിക്കുന്ന പണം വിദേശങ്ങളില്‍ നിക്ഷേപിക്കുകയുമാണ് നാടിന്റെ സമ്പത്ത് പുറത്തേക്കൊഴുകുന്ന ഒരു മാര്‍ഗം. പ്രത്യക്ഷ വിദേശ നിക്ഷേപത്തിന്റെ പേരില്‍ ഇന്ത്യയില്‍നിന്ന് വിദേശങ്ങളിലേക്കുള്ള പണത്തിന്റെ ഒഴുക്ക് വര്‍ദ്ധിക്കുന്നതാണ് മറ്റൊരു മാര്‍ഗം. പ്രത്യക്ഷ വിദേശ നിക്ഷേപം വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ഒഴുകുന്നപോലെത്തന്നെ, ഇന്ത്യയില്‍നിന്ന് വിദേശത്തേക്കും ഒഴുകുന്നുണ്ട്. 2008-09 സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യത്തെ ഒമ്പത് മാസങ്ങളില്‍ (ഏപ്രില്‍ തൊട്ട് ഡിസംബര്‍ വരെ) ഇന്ത്യയിലേക്ക് ഒഴുകിയെത്തിയ വിദേശ പ്രത്യക്ഷ നിക്ഷേപം 2700 കോടി ഡോളറിന്റേതാണെങ്കില്‍ ഇന്ത്യയില്‍നിന്ന് വിദേശങ്ങളിലേക്ക് ഒഴുകിയത് 1200 കോടി ഡോളറിന്റേതാണ്  ഏതാണ്ട് അഞ്ചില്‍ രണ്ടുഭാഗം. ഉദാരവല്‍ക്കരണത്തിന്റെ ഫലമായി വിദേശങ്ങളിലേക്ക് വ്യക്തികള്‍ അയച്ച പണത്തിന്റെ ഒഴുക്കും വര്‍ധിച്ചിട്ടുണ്ട്. 2004-05 വര്‍ഷത്തില്‍ അത് 0.96 കോടി ഡോളറും 2005-06 വര്‍ഷത്തില്‍ 2.5 കോടി ഡോളറും 2006-07 വര്‍ഷത്തില്‍ 7.28 കോടി ഡോളറും ആയിരുന്നുവെങ്കില്‍ 2007-2008 വര്‍ഷത്തില്‍ അത് 44.05 കോടി ഡോളറായി ഉയര്‍ന്നു. നാം വിദേശനാണയം നേടുന്നതും വിദേശത്തേക്ക് നമ്മുടെ ആസ്തികള്‍ ഒഴുകുന്നതും തമ്മില്‍ വലിയ ബന്ധമൊന്നുമില്ല എന്നാണതില്‍ നിന്ന് മനസ്സിലാകുന്നത്.
എത്രത്തോളം നിക്ഷേപം
കള്ളപ്പണത്തിന്റെയും ഇടപാടിന്റേയും രഹസ്യ സ്വഭാവം കണക്കിലെടുക്കുമ്പോള്‍ ഇതിനെ സംബന്ധിച്ച് കൃത്യമായ ഒരു കണക്ക് കണ്ടെത്തുക പ്രയാസമാണ്. ഏകദേശ കണക്കു പ്രകാരം, ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥയ്ക്ക് പകുതിയോളം കള്ളപ്പണത്തിന്റെ നിറമുണ്ട്. 2008ല്‍ ഇത് 640 ബില്യണ്‍ ഡോളറോളം വരും.
ഗ്ലോബല്‍ ഫിനാന്‍ഷ്യല്‍ ഇന്റഗ്രിറ്റിയിലെ മുതിര്‍ന്ന ഇക്കണോമിസ്റ്റ് ദേവ്കര്‍, 1948 നും 2008 നുമിടയില്‍ 462 ബില്യണ്‍ ഡോളറോളം കള്ളപ്പണം ഇന്ത്യയില്‍ നിന്നും വിദേശരാജ്യങ്ങളിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റപ്പെട്ടിട്ടുണ്ടെന്നാണ് പറയുന്നത്.
നിക്ഷേപതാവളങ്ങള്‍
പണത്തിന് സുഗമവും സുരക്ഷിതവുമായ സാഹചര്യം ഉറപ്പുതരുന്ന ലോകത്തിലെ ചില സ്ഥലങ്ങളാണ് ഈ താവളങ്ങള്‍. ഉദാരമായ ടാക്‌സ് റേറ്റാണ് ഇവിടങ്ങളില്‍ എന്നതാണ് തങ്ങളുടെ കൈയിലുള്ള ബ്ലാക്ക്മണി ഇവിടേക്ക് മാറ്റി സുരക്ഷിതമായി സൂക്ഷിക്കാനും ഇവിടെ നിന്നു സൗകര്യപൂര്‍വം വിവിധ കാര്യങ്ങള്‍ക്കായി നിക്ഷേപം നടത്താനും കോര്‍പ്പറേറ്റുകളേയും വന്‍ പണക്കാരേയും പ്രേരിപ്പിക്കുന്നത്.
ഇവിടേക്കുവരുന്ന പണത്തിന്റെ ഉറവിടത്തെക്കുറിച്ച് ഒരന്വേഷണവും ഉണ്ടാവില്ലെന്നു മാത്രമല്ല, അക്കൗണ്ട് വിവരങ്ങള്‍ മറ്റ് രാജ്യങ്ങളുമായി അത്രയെളുപ്പം പങ്കിടുകയുമില്ല. 2000ത്തില്‍ 34 വികസിത രാജ്യങ്ങള്‍ പ്രധാനമായും അംഗങ്ങളായുള്ള Organisation for Economic Co-operation and Development (OECD) 37 ഭൂമേഖലകളെ ഇത്തരം താവളങ്ങളായി പ്രഖ്യാപിച്ചു. താഴെപ്പറയുന്ന 4 മാനദണ്ഡങ്ങള്‍ അടിസ്ഥാനമാക്കി ആയിരുന്നു അത്,നേരിയ നികുതി അല്ലെങ്കില്‍ നികുതി ഇല്ല, മറ്റു രാജ്യങ്ങളുമായി കാര്യക്ഷമമായി വിവരങ്ങള്‍ കൈമാറില്ല, സുതാര്യതയില്ലായ്മ, എന്തെങ്കിലും കാര്യമായ സാമ്പത്തിക പ്രവര്‍ത്തനങ്ങളുടെ അഭാവം.
വിചിത്രമെന്നു പറയട്ടെ, അതിനുശേഷം OECD ഈ ലിസ്റ്റ് വെട്ടിക്കുറച്ച് പൂജ്യമാക്കി; അതായത് ഇപ്പോള്‍ ഇത്തരം താവളങ്ങള്‍ ഇല്ലെന്ന് തികച്ചും സാങ്കേതികം മാത്രമായ, വിശദീകരണമാണ് ഛഋഇഉ ഇതിന് നല്‍കിയത്. 2002ല്‍ OECD, ഈ താവളങ്ങളിലേക്കുള്ള അവിഹിത പണത്തിന്റെ ഒഴുക്ക് ചെറുക്കാന്‍ (ഐക്യരാഷ്ട്ര സംഘടനയുംു ജി-20 ഉം അംഗീകരിച്ച) ഒരു ടാക്‌സ് സ്റ്റാന്‍ഡേര്‍ഡ് പുറത്തിറക്കി. ചുരുക്കത്തില്‍ ഇതുകൊണ്ടുദ്ദേശിക്കുന്നത് ഇത്രമാത്രമാണ്. ചില നിബന്ധനകള്‍ക്കു വിധേയമായി, ഒരു വ്യക്തിയുടെ നിക്ഷേപത്തെക്കുറിച്ച് പ്രത്യേകം ചില വിവരങ്ങള്‍ ഒരു ഗവണ്‍മെന്റ് ആവശ്യപ്പെട്ടാല്‍ ഈ താവളങ്ങളെ ഭരിക്കുന്ന സര്‍ക്കാര്‍ അതു കൈമാറണം. ലിസ്റ്റില്‍പ്പെട്ട 37 കേന്ദ്രങ്ങളും ഇതു സമ്മതിക്കുകയാണുണ്ടായത്.
അതതു രാജ്യങ്ങളുമായി ഇതു സംബന്ധിച്ച കരാറുകള്‍ ഒപ്പുവെക്കുന്ന പ്രക്രിയ ഇപ്പോഴും തുടരുകയാണ്. ടാക്‌സ് തലവേദനയില്ലാതെ പണം സൂക്ഷിക്കാന്‍ സൗകര്യമൊരുക്കുന്ന 22 താവള രാജ്യങ്ങളുമായി ഛഋഇഉ യുടെ വിവര കൈമാറ്റ മാനദണ്ഡാനുസൃതം 500 ടാക്‌സ് കരാറുകളാണ് ഇതുവരെ ഒപ്പിട്ടിട്ടുള്ളത്. ഇന്ത്യ ഇതിനോടകം ഇത്തരത്തിലുള്ള 10 കരാറുകള്‍ ഒപ്പിട്ടു കഴിഞ്ഞു. ഈ കരാറുകള്‍ പ്രകാരം ഇറ്റലി 5 ബില്യണ്‍ യൂറോയും, ജര്‍മനി 4 ബില്യണ്‍ യൂറോയും കണ്ടുകെട്ടിക്കഴിഞ്ഞു. പക്ഷെ ഈ വിവരങ്ങള്‍ കൈമാറല്‍ നിരുപാധികമായിട്ടുള്ള ഒന്നല്ല. ഉദാഹരണത്തിന്, മൗറീഷ്യസിനോട് അവിടെ നിക്ഷേപമുള്ള എല്ലാ ഇന്ത്യക്കാരുടേയും അക്കൗണ്ട് വിശദാംശങ്ങള്‍ കൈമാറാന്‍ ആവശ്യപ്പെടാനാവില്ല. ആകെ ആവശ്യപ്പെടാവുന്നത് ഏതെങ്കിലും പ്രത്യേക വ്യക്തിയെ സംബന്ധിച്ചുള്ള വിവരങ്ങളാണ്. അതും മതിയായ കാരണങ്ങള്‍ അതിനുണ്ടെന്ന് ആ സര്‍ക്കാരിനെ ബോധ്യപ്പെടുത്തിയാല്‍ മാത്രം.
കള്ളപ്പണം ഇന്ത്യയില്‍ തിരിച്ചെത്തുന്നതെങ്ങനെ
ടാക്‌സിന്റെ ബുദ്ധിമുട്ടില്ലാത്ത വിദേശ സുരക്ഷിത താവളത്തില്‍ നിന്നും ഈ പണം തിരിച്ച് ഇന്ത്യയില്‍ തന്നെ നിക്ഷേപമായെത്തുന്നത് സ്‌റ്റോക്കുകള്‍, റിയല്‍ എസ്‌റ്റേറ്റ്, ബിസിനസുകള്‍ എന്നിവയിലാണ്, അങ്ങനെ ഒരു പൈസപോലും നികുതി കൊടുക്കാതെ കള്ളപ്പണം വെളുപ്പിച്ചെടുക്കുന്നു.
നേരായ വഴിക്കാണെങ്കില്‍, വ്യക്തികള്‍ 30 ശതമാനത്തോളവും കമ്പനികള്‍ 35 ശതമാനത്തോളവും ആദായ നികുതി നല്‍കേണ്ടണ്ടിവരും. ഇങ്ങനെ തിരിച്ചുവരുന്ന നിക്ഷേപങ്ങള്‍ വഴിയുണ്ടാകുന്ന തുടര്‍ വരുമാനത്തിനും നികുതി ബാധ്യതയില്ല. കാരണം ഈ താവളങ്ങള്‍ക്ക് ഇന്ത്യയുമായി Double Taxation Avoidance Agreement (DTAA) എന്നൊരു കരാറുണ്ട്.
ഒരു രാജ്യത്തു മാത്രമേ നികുതി ചുമത്താവൂ എന്ന കരാര്‍; അങ്ങനെ വരുമ്പോള്‍ തുടര്‍ വരുമാനവും ഉറവിട കേന്ദ്രങ്ങളിലേക്ക് നികുതി രഹിതമായി ട്രാന്‍സ്ഫര്‍ ചെയ്യപ്പെടുന്നു. അവിടെയാണെങ്കില്‍ മിക്ക കേസുകളിലും നികുതി പൂജ്യവുമാണ്
വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍ തുടങ്ങുന്ന Participatory note (PNs) കളുടെ സബ് എക്കൗണ്ടണ്ടുകള്‍ ആണ് ബ്ലാക്ക്മണിയുടെ പ്രധാന വാഹകര്‍. Tax havens can destabilise our financial markets എന്ന പേപ്പറില്‍ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റി (ബാംഗ്ലൂര്‍)ല്‍ പ്രൊഫസര്‍ ഓഫ് ഫിനാന്‍സ് ആയ ആര്‍. വൈദ്യനാഥന്‍ പേരും വിവരവുമില്ലാത്ത അദൃശ്യ സ്ഥാപനങ്ങളുടെ പേരില്‍ തുറക്കുന്ന ഈ സബ് എക്കൗണ്ടുകളില്‍ അപകടകരമായ ഭവിഷത്തുകളും സുരക്ഷിതത്വ ഭീഷണികളും ഉള്‍ക്കൊണ്ടിരിക്കുന്നതായി വ്യക്തമാക്കുന്നുണ്ട.് പോയവര്‍ഷം വിദേശനിക്ഷേപ സ്ഥാപനങ്ങള്‍ 35 ബില്യണ്‍ ഡോളറാണ് ഇന്ത്യയില്‍ നിക്ഷേപിച്ചത്.
സര്‍ക്കാര്‍ എന്തു ചെയ്യുന്നു
സര്‍ക്കാര്‍ കടുത്ത നടപടി എടുത്താല്‍ നിയന്ത്രിക്കാന്‍ കഴിയാത്തതല്ല ഇതൊന്നും വിദേശ രാജ്യത്തെ ബാങ്കുകളും മറ്റുമായി ഇടപാട് നടത്തുന്ന നിരവധി അക്കൗണ്ട് ഉടമകളില്‍ ഒരു ഭാഗം മാത്രമാണ് അമേരിക്കക്കാര്‍. യു.എസ് സര്‍ക്കാര്‍ കര്‍ശ്ശനമായി ആവശ്യപ്പെട്ടപ്പോള്‍ അവരുടെ അക്കൗണ്ടിലെ കണക്കുകള്‍ പരസ്യമാക്കാന്‍ ആ രാജ്യങ്ങളിലെ ബാങ്ക് അധികൃതരും അവിടുത്തെ ഗവണ്‍മെന്റും നിര്‍ബന്ധിതരായെങ്കില്‍, ഇന്ത്യാഗവണ്‍മെന്റ് നിര്‍ബന്ധം പിടിക്കുകയാണെങ്കില്‍, ഇതുപോലെ അനധികൃതമായി ബാങ്കുകളില്‍ നിക്ഷേപിച്ചിരിക്കുന്ന ഇന്ത്യക്കാരുടെ അക്കൗണ്ടുകളിലെ തുകകളുടെ കണക്ക് ഇന്ത്യാ ഗവണ്‍മെന്റിനും ശേഖരിക്കാന്‍ കഴിയും. അവ തിരിച്ചുകൊണ്ടുവരാന്‍ കഴിയും. അക്കൗണ്ട് ഉടമകള്‍ നടത്തിയ നികുതി വെട്ടിപ്പ് കണ്ടെത്താനും നികുതിയും പിഴയും ഈടാക്കാനും കഴിയും. എന്നാല്‍ അതിനൊന്നും നാം മുതിരുന്നില്ല എന്നതാണ് ദുഖകരം.
ഇങ്ങനെ ഒരുപാട് പണം ഓരോ കൊല്ലവും രാജ്യത്തിനു പുറത്തേക്ക് പോകുന്നതിനെക്കുറിച്ച് പലപ്പോഴും ഇവിടെ ചര്‍ച്ചകള്‍ നടക്കാറുണ്ട്. ഒടുവില്‍ അത് ഇല്ലാതാവുകയും ചെയ്യും. ഇത്തവണയും പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് അതിനെക്കുറിച്ച് ചര്‍ച്ച നടന്നു. പ്രശ്‌നം സുപ്രീംകോടതിയുടെ മുന്നിലെത്തി. ഇങ്ങനെ വിദേശത്തേക്കു പോകുന്ന കള്ളപ്പണത്തിന്റെ കണക്കിനെക്കുറിച്ച് അഫിഡവിറ്റ് സമര്‍പ്പിക്കാന്‍ സുപ്രീംകോടതി കേന്ദ്ര ഗവണ്‍മെന്റിനോട് ആവശ്യപ്പെട്ടു. കേന്ദ്ര ഗവണ്‍മെന്റ് ആദ്യം സമര്‍പ്പിച്ച അഫിഡവിറ്റ് ഒട്ടും തൃപ്തികരമല്ലാത്തതുകൊണ്ട് വിശദമായ അഫിഡവിറ്റ് സമര്‍പ്പിക്കാന്‍ വീണ്ടും കേന്ദ്ര ഗവണ്‍മെന്റിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കിയിരിക്കുകയാണ്. ഇനി തിരഞ്ഞെടുപ്പിന്റെ ഫലം വന്ന്, പുതിയ ഗവണ്‍മെന്റ് വന്നിട്ടുവേണം, വീണ്ടും ആ കേസ് തുടര്‍ന്ന് നടത്താന്‍. ഏതായാലും സ്വിസ്സ് ബാങ്ക് അക്കൌണ്ടില്‍ വന്‍ തുകകള്‍ നിക്ഷേപിച്ച ഇന്ത്യക്കാര്‍ ആരൊക്കെയാണെന്നുള്ള വിശദവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സര്‍ക്കാരിന് ഒരു താല്‍പര്യവുമില്ല എന്ന് വ്യക്തമാണ്. അതുകൊണ്ടാണല്ലോ ആദ്യം സുപ്രിംകോടതിയില്‍ അപൂര്‍ണവും അവ്യക്തവുമായ അഫിഡവിറ്റ് സമര്‍പ്പിച്ച്, സര്‍ക്കാര്‍ ഒഴിഞ്ഞുമാറാന്‍ നോക്കിയത്.
പണത്തിന്റെ അവിഹിത വിനിമയങ്ങള്‍ നിയന്ത്രിക്കുന്നതിനായി 2009 ല്‍ Prevention of Money Laundering Act (PMLA) ഭേദഗതി ചെയ്യുകയും അനധികൃത വരുമാനം കണ്ടുകെട്ടാന്‍ വ്യവസ്ഥ കൊണ്ടുവരികയും ചെയ്‌തെങ്കിലും ഇതുവരെ 15000 കോടി രൂപ മാത്രമേ പിടിച്ചെടുക്കുവാന്‍ സാധിച്ചിട്ടുള്ളൂ. യൂറോപ്പിലെ ലെഷെറ്റെന്‍സ്‌റ്റൈനില്‍ 20 ലധികം അക്കൗണ്ട് ഉള്ള ഇന്ത്യക്കാരുടെ കണക്കുകള്‍ സര്‍ക്കാരിനു കൈമാറിയെങ്കിലും തുടര്‍ നടപടികളുണ്ടായിട്ടില്ല. ഇങ്ങനെ വിദേശരാജ്യങ്ങളില്‍ പലയിടത്തായി പൈസ നിക്ഷേപിച്ചവരില്‍ അധികാരസ്ഥാനങ്ങളില്‍ പോലും കൈകടത്താന്‍ സാധിക്കുന്നവരുണ്ടെന്നതായിരിക്കും ഇത്തരത്തില്‍ ശക്തമായ നടപടികളെടുക്കുന്നതില്‍ നിന്ന് ഭരണാധികാരികളെ പിന്നോട്ടടിക്കുന്നത്.

Saturday 4 January 2014

കുട്ടിക്കാലം

ആയുസ്സിന്റെ പുസ്തകത്തിലെ ആമുഖമാണ് കുട്ടിക്കാലം. സങ്കടങ്ങളും സമ്മര്‍ദ്ദങ്ങളുമില്ലാതെ പൂമ്പാറ്റയെപ്പോലെ പാറിനടക്കേണ്ട പ്രായം. കുറുമ്പുകാട്ടി തല്ലുമേടിച്ചും പൂക്കളോടും കളിപ്പാട്ടങ്ങളോടും കഥ പറഞ്ഞും നടക്കേണ്ട സുന്ദരക്കാഴ്ചകളുടെ കാലം. മനുഷ്യായുസ്സില്‍ ഏറ്റവുമധികം സ്വാതന്ത്ര്യമനുഭവിക്കേണ്ട ഈ കാലത്താണ് മാതാപിതാക്കളുടെ ആഗ്രഹങ്ങളുടെ ഭാരം കുട്ടികള്‍ക്കു ചുറ്റും തടസങ്ങള്‍ സൃഷ്ടിക്കുന്നത്. മാതാപിതാക്കളുടെ വലിയ വലിയ ആഗ്രഹങ്ങള്‍ക്കു മുമ്പില്‍ താന്‍ ആരാകണമെന്ന കുട്ടികളുടെ ഇഷ്ടത്തിന് ഒരു വിലയുമുണ്ടാകാറില്ല. മക്കളെ ഭാവി അംബാനിയും ചിത്രയും മോഹന്‍ലാലുമൊക്കെ ആക്കാന്‍ ശ്രമിക്കുന്ന അച്ഛനമ്മമാര്‍ സമൂഹത്തിന് സമ്മാനിക്കുന്നത് സാമൂഹ്യ ബോധമില്ലാത്ത ഒരു 'അമൂല്‍ ബേബി'യെയായിരിക്കും.
രാവിലെ സംഗീതക്ലാസ് അതുകഴിഞ്ഞ് സ്‌കൂളിലെ ക്ലാസ് വൈകുന്നേരം ട്യൂഷന്‍ എല്ലാം കഴിഞ്ഞ് കുട്ടികള്‍ വീട്ടിലെത്തുമ്പോള്‍ സമയം പാതിരാവായിരിക്കും. ഈ സമയമെല്ലാം നഷ്ടമാക്കുന്നത് കഥ പറയാനും കളിക്കാനുമുള്ള ആഗ്രഹത്തോടൊപ്പം അച്ഛന്റെയും അമ്മയുടെയും സ്‌നേഹവും പരിചരണവും കിട്ടാനുള്ള നിമിഷങ്ങള്‍ കൂടിയാണ്. മാതാപിതാക്കളുടെ നിര്‍ബന്ധത്തിനു വഴങ്ങി എന്‍ജിനിയറിങ്ങിനും മെഡിസിനും പോകുന്ന കുട്ടികള്‍ പലപ്പോഴും പഠനത്തില്‍ ചക്രശ്വാസം വലിക്കുന്നത് തെളിഞ്ഞുകാണുന്ന വസ്തുതയാണ്. കുട്ടികളുടെ കഴിവുകള്‍ തിരിച്ചറിഞ്ഞ് അവരെ അതില്‍ മിടുക്കരാക്കാനുള്ള അവസരവും പ്രോത്സാഹനവും നല്കാതെ ശിക്ഷണത്തിലൂടെ താന്‍ ആഗ്രഹിച്ചത് എന്താണോ അത് കുട്ടികളെ ആക്കാന്‍ ശ്രമിക്കുന്ന അച്ഛനമ്മാര്‍ ഓര്‍ക്കേണ്ട കാര്യം സമൂഹത്തിന് ബാധ്യതയാവാനല്ല മറിച്ച് മാതൃകയാവാനാണ് മക്കളെ വളര്‍ത്തേണ്ടതെന്നാണ്. മാനസിക വികാസത്തിനും വൈകാരിക വികാസത്തിനും മാതാപിതാക്കളുടെ കുട്ടികളോടുള്ള സമീപനം പ്രധാനമാണെന്നിരിക്കെ ആഗ്രഹങ്ങളുടെ ഭാരം ഇല്ലാതാക്കുക വഴി വളര്‍ന്നുവരുന്ന ഒരു നല്ല വ്യക്തിത്വത്തെയായിരിക്കും വാര്‍ത്തെടുക്കാനാകുക. സ്‌നഹമുകുളങ്ങളായ കുട്ടികള്‍ അവരുടെ സഞ്ചാരപാത സ്വയം തിരഞ്ഞടുക്കട്ടെ, എന്തിനവരുടെ പുഞ്ചിരി നാം ഇല്ലാതാക്കണം എന്ന് ചിന്തിച്ചു തുടങ്ങിയാല്‍ ഇവിടെ ജനിക്കുന്ന കുട്ടികള്‍ നാടിന് ബാധ്യതയാവാതെയെങ്കിലുമിരിക്കാം

സായാഹ്നത്തില്‍ ഞാനറിഞ്ഞത്‌

ഇന്നലത്തെ സായാഹ്നം ചിലവഴിക്കാന്‍ ഒരു വഴിയും കാണാതെ ഇരുന്നപ്പോഴാണ് വടക്കും നാഥ ക്ഷേത്രത്തില്‍ പോയാലോ എന്ന് ചിന്തിച്ചത് വിശാലമായ പാര്‍ക്കുപോലെയാണ് അമ്പലത്തിന്റെ മുന്‍ഭാഗം. അഞ്ചുമണി കഴിഞ്ഞപ്പോള്‍ പ്രധാന കവാടത്തിന് മുന്‍ഭാഗത്തെ മരച്ചുവട്ടില്‍ പോയിരുന്നു. മൈബൈലില്‍ മ്യൂസിക് മോജോവിലെ പാട്ടും കേട്ടിരുന്നപ്പോഴാണ് ഒരു പാവം കാര്‍ന്നോര് എന്റെ അടുത്ത് വന്നിരുന്നത്. ഞാന്‍ ഒളികണ്ണിട്ട് പുള്ളിക്കാരനെ നോക്കിയപ്പോള്‍ അങ്ങേര് എന്നെ ആപാദചൂഡം നോക്കിയിട്ട് അടുത്തേക്ക് വന്നു. എന്നിട്ട് കദന കഥകളുടെ കെട്ടഴിച്ചു സുഖമില്ല, ശ്വാസം മുട്ടാണ് ഭക്ഷണം കഴിച്ചിട്ട് രണ്ടു ദിവസമായി എന്നൊക്കെ മോന്‍ ചായ കുടിക്കാനുള്ള പൈസെങ്കിലും തരുമോ. കണ്ടാല്‍ ഒരു ദൈന്യത മുഖത്തുണ്ട് .പുള്ളിക്കാരന്‍ കല്യാണം കഴിച്ചിട്ടില്ല അതുകൊണ്ട് തന്നെ കുടുംബോം പ്രാരാബദോമൊന്നുമില്ല. സദാനന്ദന്‍ എന്നാണ് പേര് എന്നാല്‍ സദാ ആനന്ദമനുഭവിക്കുന്നതാണെന്ന് കണ്ടാല്‍ പറയുകയേ ഇല്ല. സംസാരിച്ച് കമ്പനിയായപ്പോള്‍ ഞാന്‍ ചോദിച്ചു വയസ്സാം കാലത്ത് ആരും നോക്കാനില്ലാതെ നില്‍ക്കുമ്പോ തോന്നിയിരുന്നോ കുടുംബോം കുട്ടികളൊക്കെ വേണമായിരുന്നുവെന്ന്. അപ്പോ പുള്ളിക്കാരന്‍ എന്നോട് പറഞ്ഞത് ഇപ്പോളത്ത മക്കളുടെ കാര്യമൊന്നും പറയാന്‍ പറ്റില്ലെന്നേ വയസ്സാകുമ്പോ അവരുതന്നെ നമ്മളെ പിടിച്ച് വെളിയില്‍ തള്ളില്ലെന്ന് ആരു കണ്ടു. അങ്ങേര്‍ക്ക് കൊടുക്കാനായി കീശയില്‍ തപ്പിയപ്പോള്‍ കിട്ടിയത് ഇരുപത് രൂപയാണ് അത് കയ്യില്‍ വച്ചു കൊടുത്തപ്പോള്‍ അങ്ങേരുടെ കണ്ണുകള്‍ നിറഞ്ഞിരുന്നു. പോകാനായി അവിടെ നിന്ന് എഴുന്നേറ്റപ്പോള്‍ അങ്ങേര് പറഞ്ഞു നന്ദി ഞാന്‍ പറയുന്നില്ല കുഞ്ഞിന് നല്ലതു വരട്ടെ, അപ്പോള്‍ ഞാന്‍ പറഞ്ഞു ചേട്ടാ പത്തു പൈസേടെ വില പോലുമില്ലാത്ത സാധനമാണ് നന്ദി അതെനിക്ക് വേണ്ട അപ്പോള്‍ അദ്ദേഹം ആത്മഗതം പോലെ പറഞ്ഞു ശരിയാ നന്ദിക്കൊന്നും ഒരു വിലയുമില്ല.